പലായനം എന്ന കെ .എം .അബ്ബാസിന്റെ നോവലിന് ഒരു ആസ്വാദന കുറിപ്പ്.
"പോരടിക്കുക അല്ലെങ്കിൽ പലായനം ചെയ്യുക എന്നത് ഏതൊരു ജീവിയേയും പോലെ മനുഷ്യന്റെയും അതിജീവനതിനുവേണ്ടിയുള്ള നൈസര്ഗികമായ ജൈവവാസനയാണ്."''
പക്ഷെ സ്വാഭാവികമായി ഓരോ വ്യക്തിക്കും ലഭിച്ച അവന്റെ അനന്യമായ സാമൂഹിക- സാംസ്കാരിക പശ്ചാത്തലത്തിന്റെ മടിയിൽ നിന്ന് നിരവധി കാരണങ്ങളാൽ അവനെ/ അവളെ പിഴുതു മാറ്റുമ്പോൾ കേവലം ജൈവശാത്ര വിവക്ഷകളിൽ നിന്ന് നിർവചിക്കാൻ കഴിയാത്ത ഒരു പ്രക്രിയയായി മാറുന്നു, മനുഷ്യവംശത്തിന്റെ പലായനങ്ങൾ.
ഇങ്ങനെയുള്ള കുടിയേറ്റത്തിന്റെ വ്യഥകൾ സ്വാന്തനത്തിന്റെ വാക്കുകൾക്കു വഴങ്ങാത്ത മനുഷ്യന്റെ വലിയ ആത്മദു:ഖങ്ങളായി മാറുമ്പോഴാണ് സാർവ്വലൌകികമായ മാനങ്ങൾ പ്രവാസത്തിനും പ്രവാസികളുടെ രചനകള്ക്കും കൈവരുന്നത്.
ഇത്തരത്തിലുള്ള പലായനങ്ങളുടെ ജീവിത സമവാക്യങ്ങളെ നിർദ്ധാരണം ചെയ്യാനുള്ള ഒരു ചെറിയ ശ്രമമാണ് പ്രവാസി എഴുത്തുകാരനായ കെ.എം .അബ്ബാസിന്റെ പലായനം എന്ന നോവൽ.
ജന്മാന്തരങ്ങളുടെ നിയോഗമെന്ന പോലെ ജീവിതത്തിന്റെ വേലിയേറ്റങ്ങൾ നോവലിലെ മുഖ്യകഥാപാത്രമായ സന്തോഷിനെ മറ്റാരെയും പോലെ ഒരു പ്രവാസിയായി ഗൾഫ് തീരത്തേക്ക് അടുപ്പിക്കുന്നു . ജീവസന്ധാരണത്തിനു വേണ്ടിയുള്ള മടുപ്പിക്കുന്ന പ്രവാസ ജീവിതത്തിലെ അദ്ധ്വാനത്തിനിടയിലും തലമുറകളായി നീണ്ടുകിടക്കുന്ന പാരമ്പര്യ കണ്ണികളിൽ കേട്ടറിവുകൾ മാത്രമുള്ളതും; എന്നാൽ മരുഭൂമിയിൽ എവിടെയോ ഇന്നും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന തന്റെ പിതാവിനെ, മരുഭൂമിയുടെ അറിയപെടാത്ത വിദൂരതയിൽ ഒളിച്ചികഴിയുന്ന ഏതോ ഒരു കൃഷ്ണേട്ടനിലൂടെ , ഒടുങ്ങാത്ത അലച്ചിലുകളുമായി അന്വേഷിക്കുകയാണ് സന്തോഷ്..... .. ....
വിഭജനാനന്തരം പാക്കിസ്ഥാനെന്ന പ്രദേശത്ത് പെട്ടുപോയ ഖാലിദ് അൻസാരി , ഏതൊരു രാജ്യക്കാരന്റെയും സ്വന്തം രാജ്യമെന്ന വൈകാരികമായ ആവേശം ഒരു മിഥ്യയാണ് എന്ന് വിശ്വസിക്കുന്നു , പാസ്സ് പോർട്ട് കൊണ്ടുമാത്രം പാക്ക് പൗരനായ ഖാലിദ് അൻസാരി, കൃഷ്ണേട്ടനു വേണ്ടിയുള്ള സന്തോഷിന്റെ അന്വേഷണങ്ങളിൽ സന്തതസഹചാരിയുമായി മാറുമ്പോൾ വംശീയതയുടെ അതിര് വരമ്പുകൾ മായ്ച്ചു കളയുന്ന സൌഹൃദത്തിന്റെ കഥ കൂടിയാവുന്നു പലായനം ..
തന്നെ കുറിച്ചുള്ള സന്തോഷിന്റെ തിരച്ചിലുകളെയൊന്നു മറിയാതെ , നാട്ടിലെ തന്റെ അവസാനത്തെ വേരായ അമ്മയും കാലയവനികക്കുളിൽ പോയ്‌മറഞ്ഞു എന്നറിയുമ്പോൾ നാട്ടിലേക്കു ഇനി ഒരു തിരിച്ചു പോക്ക് വേണ്ട എന്ന് തീരുമാനിച്ചു വീണ്ടും തീഷ്ണമായ മരുഭൂമിയുടെ വന്യമായ ഏകാന്തതയിലേക്ക് പടര്ന്നു കയറി അവിടുത്തെ മറ്റൊരു കുടിയേറ്റ ഗോത്രവർഗ്ഗ പാരമ്പര്യമുള്ള ഈജിപ്ഷ്യനായ സലാമിനെ "അർബാബായി " തിരഞ്ഞെടുത്തു, കൗസല്യയുടെ ഓർമ്മകളിൽ സൗഖ്യം കണ്ടെത്താൻ ശ്രമിക്കുന്ന കൃഷ്ണേട്ടൻ ; ഇനി വരാനിരിക്കുന്ന ജന്മങ്ങളിലും പലായനങ്ങൾക്ക് വേണ്ട ഭാണഡകെട്ടുകൾ ആത്മാവിന്റെ ഏതോ കോണിൽ ഇപ്പോൾ തന്നെ കൂട്ടി വെയ്ക്കുകയാണ് അയാൾ .
അങ്ങനെ പലായനവും പ്രവാസവും ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും അനുസ്യൂതമായ ഒരു പ്രക്രിയയായി മാറുകയാണോ എന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു..!
ആധുനിക കുടിയേറ്റങ്ങൾ നല്കിയ സമ്പന്നത ,സാംസ്കാരിക മൂല്യബോധങ്ങളെയും ധാർമ്മികതയേയും അറുത്ത് മാറ്റി കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രതിനിധിയാണ് നീരജ . അവളുടെ പ്രണയം സന്തോഷിന്റെ തൊലിപ്പുറത്തിനപ്പുറത്തേക്ക് കടക്കാൻ കഴിയാതെ വരുമ്പോൾ പ്രവാസ ഭൂമിയിലെ സന്തോഷിന്റെ പ്രണയ സാഫല്യങ്ങൾ ഒരു മരീചിക മാത്രമായി അവശേഷിക്കുന്നു.
സ്വന്തം വേരുകളെകുറിച്ചും , പ്രണയത്തെ കുറിച്ചും ഉറ്റവരുടെ ദുരിതങ്ങളെ കുറിച്ചുമൊക്കെയുള്ള നിരവധി ചോദ്യങ്ങൾ ഒരു പ്രഹേളികയെന്നപോലെ പ്രവാസസ്ഥലികളിൽ ചുറ്റിത്തിരിഞ്ഞ് തന്നിലേക്ക് തന്നെ അലിഞ്ഞു ചേരുമ്പോൾ ...
തനിക്കു നഷ്ടപെട്ട പുഴയുടെ തെളിനീരും നിഴൽ വീണ ഇടവഴികളും ,കണ്ണാന്തളിയുടെ സൗമ്യതയും ,നിലാവുമെല്ലാം കേവലമായ ആശ്ച്ചര്യങ്ങളോ അഭിനിവേശങ്ങളോ ഗൃഹാതുരമായ ഓർമ്മകളോ ആയിരുന്നില്ല അതെല്ലാം തന്റെ ജീവിതം തന്നെ ആയിരുന്നു. "എന്നെ ഞാനായി നിലനിര്ത്താൻ സാധിക്കുന്നത് എന്റെ വേരുകൾ മുളപൊട്ടിയ ജന്മസ്ഥളികളിലാണെന്ന" സന്തോഷിന്റെ തിരിച്ചറിവിൽ നോവൽ അവസാനിക്കുന്നു.
നോവലെന്ന ആഖ്യാന കലയുടെ സൂക്ഷ്മവും സർവ്വസ്പർശിയുമായ ഒരു നിർവചനത്തിന്റെ ചട്ടക്കൂട്ടിലേക്ക് അബ്ബാസിന്റെ പലായനം എന്ന നോവലിനെ കയറ്റി നിർത്താൻ സാധിക്കുമോ എന്ന് അറിയില്ല .എന്നാൽ പ്രവാസികളുടെ വിഹ്വലതകളെ ആവിഷ്ക്കരിക്കാൻ നടത്തിയ ആത്മര്ത്മ്മായ ഒരു ശ്രമമാണ് പലായനം എന്ന നോവൽ .
പുസ്തക കമ്പോളത്തിൽ ആവർത്തിച്ചാവർത്തിച്ചു കേൾക്കുന്ന നോവലിസ്റ്റുകളുടെ പേരുകളല്ലാതെ, കെ .എം .അബ്ബാസിനെ പോലുള്ള ഒരുപാട് പ്രവാസി എഴുത്തുകാരുടെ ആത്മാവിഷക്കാരങ്ങളെ നാം കാണാതെ പോകരുത് .
- സുവീഷ് എങ്ങണ്ടിയൂർ
No comments:
Post a Comment