Friday, August 23, 2013

ഏവര്‍ക്കും ദലയുടെ അഭിവാദനങ്ങള്‍

നന്ദി ...നന്ദി ..നന്ദി ....
അസ്ഥിയില്‍ തറക്കുന്ന വര്‍ത്തമാന യാഥാര്‍ത്ഥ്യങ്ങളെ യുക്തിയുടെ സൂര്യ വെളിച്ചത്തില്‍ വിശകലനം ചെയ്ത
ദല സാഹിത്യോത്സവത്തില്‍ പങ്കെടുത്ത മുഴുവന്‍ സഹൃദയര്‍ക്കും
ദല നിസ്സീമമായ നന്ദി അറിയിക്കുന്നു.

മസ്തിഷ്കത്തിന് തീ കൊടുക്കുന്ന ലക്ഷ്യ ഭേദിയായ സംവാദങ്ങള്‍, വിഷയത്തിന്‍റെ നെല്ലിപടി തൊടുന്ന ഉള്‍ക്കാമ്പുള്ള അവതരണങ്ങള്‍,
പോരാട്ടങ്ങളെ സാധൂകരിക്കുന്ന യുക്തിഭദ്ര വിശകലനങ്ങള്‍, ആദ്യന്തം അതി വിപുലമായ ജന സാന്നിദ്ധ്യം,
എല്ലാം കൊണ്ടും ദല സാഹിത്യോത്സവം വ്യതിരിക്തമായി.

കാഴ്ച്ചയെ ഇത്തിരി വട്ടത്തിലേക്ക് ചുരുക്കിയ
കുബുദ്ധികളുടെ നിലപാടിനപ്പുറം

ചരിത്രം മുന്നോട്ടു തന്നെ ഗമിക്കുമെന്നു നമുക്ക് പ്രത്യാശിക്കാം
ഏവര്‍ക്കും ദലയുടെ അഭിവാദനങ്ങള്‍

Wednesday, August 21, 2013

'ആടുജീവിതത്തിലൂടെ' - ഒരു വിലയിരുത്തല്‍


ആടുജീവിതം (ബെന്യാമിന്‍)

(കേരള സാഹിത്യ അക്കാദമി അവാര്‍ഡു ലഭിച്ച കൃതി )
ആസ്വാദനക്കുറിപ്പ്



       
പ്രവാസം ഇതിവൃത്തമായും പ്രമേയമായും വരുന്ന രചനകള്‍ കയ്പേറിയ ജീവിതത്തിന്റെ നേര്‍ചിത്രങ്ങളാണ്. ഒരാള്‍ അന്യനായി പോവുന്നതുപോലുള്ള മാനസികസംഘര്‍ഷാവസ്ഥയാണ് പ്രവാസം. മലയാളിയുടെ പൊതുബോധത്തില്‍ വിദേശമലയാളി ഇപ്പോഴും  സമ്പന്നതയുടെ പുതുമോടികള്‍ പ്രദര്ശിപ്പിച്ചു നടക്കുന്ന പുറം പകിട്ടുകാരനാണ്. പ്രവാസത്തിന്‍റെ യാഥാര്‍ത്ഥ്യം  അതിനൊക്കെയപ്പുറമാണ്. അത് നാടുവിട്ട്‌ മറുനാട്ടിലുള്ള ജീവിതമല്ല. സ്വന്തം ആവാസവ്യവസ്ഥയില്‍ നിന്ന് മറ്റൊരു അപരിചിത ലോകത്തേക്കുള്ള    വലിച്ചെറിയലാണ്.വികാരവിചാരങ്ങള്‍ തന്നില്‍ത്തന്നെ കുഴിച്ചുമൂടേണ്ടി  വരുന്ന വന്യമായ ഏകാന്തതയ്ക്ക് അയാള്‍ ഇരയാകുന്നു.നാടും വീടും വീട്ടാകടം പോലെ അയാളെപീഡിപ്പിച്ചു കൊണ്ടിരിക്കും.  നരകതുല്യമായ പ്രവാസജീവിതം നയിച്ച്‌ നാടിനുവേണ്ടി  കഷ്ട്ടപ്പെടുന്ന ഈ ഭൂമികയിലും നിരവധി എഴുത്തുകാരുണ്ട്‌. ദ്വിജീവിതം പരിശീലിക്കേണ്ടി വരുന്ന പ്രവാസിയുടെ മനോലോകം അതിന്റെ സമഗ്ര സങ്കീര്‍ണ്ണതയോടെ ബെന്യാമിന്‍ ആടുജീവിതത്തിലൂടെ ആവിഷ്കരിച്ചിരിക്കുന്നു.നജീബ് എന്ന പ്രവാസിയുടെ ജീവിതത്തിലൂടെ ശ്രീ.ബെന്യാമിന്‍  കയറിയിറങ്ങിയതാണ് “ആടുജീവിതം” എന്ന നോവല്‍.
          

മണല്‍ വാരല്‍ തൊഴിലാളിയായിരുന്ന നജീബ്തീരെ ചെറിയ മോഹങ്ങളുമായാണ് റിയാദിലെത്തുന്നത്.ഭാര്യയുടെ പണ്ടങ്ങളും വീട്ടുവളപ്പിന്റെ ആധാരവും പണയപ്പെടുത്തി പ്രവാസിയായ  നജീബ് ആളുമാറി ചെന്നുപെടുന്നത് ക്രൂരനായ ഒരു അറബിയുടെ കയ്യിലും. നഗരത്തില്‍നിന്നും നൂറുകണക്കിന് നാഴികയകലെയുള്ള ഒരു മസറയില്‍ ആടുകളോടൊത്താണ് പിന്നീടുള്ള അവന്‍റെ ജീവിതം.കടലുപോലെ പരന്നു കിടക്കുന്ന മരുഭൂമി,തലക്കുമീതെ ചുട്ടുപഴുത്ത ആകാശം ,കൂട്ടിന് ആട്ടിന്‍പറ്റവും ഒട്ടകവും മാത്രം.കഠിന ഹൃദയനായ അറബാബേല്‍പ്പിക്കുന്ന പീഡനങ്ങള്‍ അവന്‍റെ ജീവിത്തെ ദുസ്സഹമാക്കിത്തീര്‍ക്കുന്നു. മനുഷ്യോചിതമായ ഒരു ജീവിതമായിരുന്നില്ല നജീബ് അവിടെ നയിച്ചിരുന്നത്. അവിടെ ആടിന്റെയും നജീബിന്റെയും ജീവിതം ഒന്നായി തീരുകയായിരുന്നു..ആടിനുകൊടുക്കുന്ന വേവിക്കാത്ത ഗോതമ്പ് തിന്നു വിശപ്പടക്കിയ  നജീബ്, അവര്‍ക്കൊപ്പം ക്കൊപ്പം മസറയില്‍ തന്നെയാണ് ഉറങ്ങിയിരുന്നതും. നജീബ് എന്ന കഥാപാത്രം അറബിയുടെ തടവില്‍ പണിയെടുത്ത് കഴിയുന്ന ആയിരക്കണക്കിനു പ്രവാസി സഹോദരന്മാരുടെ പ്രതീകമാണ്.ഒരു മനുഷ്യനെ കാണാനും വല്ലതുമൊക്കെ സംസാരിക്കാനുമുള്ള നജീബിന്റെ പിടച്ചില്‍ നാം തിരിച്ചറിയുന്നു.നജീബ്‌ ആടിനു കച്ചിക്കെട്ടുമായി വരുന്ന ട്രക്ക് ഡ്രൈവറെ കച്ചിക്കെട്ടെടുക്കാനെന്നമട്ടില്‍ തൊട്ടുനോക്കുന്നു. ഒറ്റപ്പെട്ടുപോയ മനുഷ്യന്‍റെ  വ്യഥയും ജീവിതത്തിലേയ്ക്ക്  തിരിച്ചു വരാനുള്ള ആഗ്രഹവും  ഇത്തരം കൊച്ചു സംഭവങ്ങളിലൂടെയാണ് നോവലിസ്റ്റ് പ്രത്യക്ഷപ്പെടുത്തിത്തരുന്നത്. മനുഷ്യരോടിടപെടാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെടുന്നിടത്താണ് നജീബ് കത്തെഴുതാനിരിക്കുന്നത്. ഒരിക്കലും മേല്‍വിലാസക്കാരിക്ക് കിട്ടാനിടയില്ലാത്ത ഒരു കത്ത്, എന്നിട്ടും താനിവിടെ സൗഭാഗ്യങ്ങളുടെ നടുവിലാണെന്നെഴുതുമ്പോള്‍, ഒരു സ്വപ്നലോകം നിര്‍മിച്ച് സ്വയം ആശ്വസിക്കാനാണ് നജീബ് ശ്രമിക്കുന്നത്.വിരുദ്ധോക്തികള്‍ നിറഞ്ഞ ആ കത്ത് ആഗ്രഹവും യാഥാര്‍ത്ഥ്യവും തമ്മിലുള്ള അകലം കൊണ്ടാണ്‌ ഹൃദയസ്പര്ശിയാകുന്നത്.അറബാബ് തരുന്ന സമ്മാനം,വിശാലമായമുറി,അതിവിശിഷ്ടമായ ഭക്ഷണം ഇവയുടെയൊക്കെ യാഥാര്‍ത്ഥ്യമെന്തെന്ന് അറിയുമ്പോഴാണ് ആ കത്ത് പൊട്ടിത്തകരുന്ന ഒരു കരച്ചില്‍ തന്നെയാണെന്ന് നമുക്ക് ബോധ്യപ്പെടുന്നത്.
  

നജീബിന്‍റെ മരുഭൂമി ജീവിതത്തിലെ തീക്ഷ്ണമായ ചില മുഹൂര്‍ത്തങ്ങള്‍ ശ്രദ്ധിക്കുക. “മസറയില്‍ എനിക്ക് കണ്ടാലറിയാവുന്ന എല്ലാ ആടുകള്‍ക്കും ഞാന്‍ ഓരോ പേരുകള്‍ കൊടുത്തിരുന്നു ഒരു കൌതുകത്തിന്. അറവുറാവുത്തര്‍,മേരി മൈമുന,പരിപ്പുവിജയന്‍,ജഗതി,മോഹന്‍ലാല്‍ ഇവരെല്ലാം എന്റെ മസറയില്‍ ഉണ്ടായിരുന്നു. അവയ്ക്കൊക്കെ ഓരോ മനുഷ്യരുടെ മുഖവുമായി സാമ്യമുണ്ട്.ചിലതിന്‍റെ സ്വഭാവം,നടത്തം,ശബ്ദം ,നാട്ടില്‍ ഒരു മനുഷ്യന് എങ്ങിനെയാണോ ഇരട്ടപ്പേര് വീഴാന്‍ കാരണമാകുന്നത് ,അങ്ങിനെയൊക്കെ.”

“എന്‍റെ ശരീരം കണ്ട്  സത്യത്തില്‍ എനിക്ക് ചിരി വന്നു. സിനിമയിലെ ചില കോമാളികളെപ്പോലെ,പൊറ്റ് പിടിച്ചതുപോലെ ദേഹമാകെ പൊടികൊണ്ടു മൂടിയിരിക്കുന്നു.ഞാന്‍ ആടുകളെ നോക്കി, അവയ്ക്കും ആ പൊടി നിറം. തല മുഴുവന്‍ മണ്ണും അഴുക്കും പിടിച്ച് ജടക്കെട്ടികഴിഞ്ഞിരുന്നു. മുടി തോളറ്റം വരെ നീണ്ടു.കഴുകാത്ത മുടിയും താടിയും ചേര്‍ന്ന് ചില നേരത്ത് ചൊറിച്ചിലോട്ച്ചൊറിച്ചില്‍ തന്നെ. ഭ്രാന്തുപിടിപ്പിക്കുന്ന ചൊറിച്ചില്‍ നോക്കിയാല്‍ അറക്കുംവിധം ആടുകളുടെ ദേഹത്തുനിന്നും പേനും ചെള്ളും കുടിയേറി താമസം കഴിഞ്ഞിരുന്നു. എന്‍റെ ദേഹം ശരിക്കും ഒരു സൂക്ഷ്മ ജീവി സങ്കേതമായി മാറിക്കഴിഞ്ഞിരുന്നു.എന്നെക്കാള്‍ എത്രയോ വൃത്തി യിലാണ് ഇവിടത്തെ ആടുകള്‍ എന്നുതോന്നിപ്പോയി.” 

അതിവിശാലമായ മരുഭൂമിയില്‍നിന്നു രക്ഷപ്പെടാനുള്ള നജീബിന്റെ പരിശ്രമങ്ങള്‍ പലപ്പോഴും പരാജയപ്പെടുന്നു. ചൂടുകാലം അവസാനിച്ചു കുളിര്‍കാറ്റു വീശാന്‍ തുടങ്ങിയപ്പോള്‍ മണ്ണിനു മീതെ പച്ച വിരിപ്പ് പൊന്തി വന്നു.അവന് പ്രത്യാശ കൊടുക്കുന്നതും ആ കുഞ്ഞു ചെടികളാണ്. അവ ജീവിതത്തിന്‍റെ വലിയ പ്രതീക്ഷയുടെ പാഠങ്ങള്‍ അവനോട് രഹസ്യത്തില്‍ പറഞ്ഞു, “നജീബേ,മരുഭൂമിയുടെ ദത്തുപുത്രാ...ഞങ്ങളെപ്പോലെ നീയും നിന്‍റെ  ജീവനെ അടക്കിപ്പിടിച്ച് ഈ മരുഭൂമിയോട് മല്ലിടുക.തീക്കാറ്റും വെയില്‍ നാളവും നിന്നെ കടന്നുപോകും. നീ അവയ്ക്കുമുന്നില്‍ കീഴടങ്ങരുത്.തളരുകയും അരുത്.നിന്‍റെ ജീവനെ അത് ചോദിക്കും. വിട്ടുകൊടുക്കരുത് പകുതി മരിച്ചവനെപ്പോലെ ധ്യാനിച്ചു കിടക്കുക.ശുന്യത പോലെ നടിക്കുക.ഒരിക്കലും ഉണര്‍ന്നെണീക്കില്ലെന്ന് തോന്നിപ്പിക്കുക.നജീബേ ഒടുവില്‍ നിനക്കുവേണ്ടി ഒരു കാലം വരും.ഈ തീക്കാറ്റും മായും ഈ ചൂട് ഇല്ലാതാവും കാലത്തിന്‍റെ കുളിര്‍ക്കാറ്റ് ഭൂമിക്കടിയില്‍നിന്നും തോണ്ടിപ്പിടിക്കും. അപ്പോള്‍ മാത്രം തല പതിയെ ഉയര്‍ത്തുക.ഭൂമിയില്‍ നിന്‍റെ സാന്നിധ്യം അറിയിക്കുക. പിന്നെ ഒറ്റ നിമിഷം കൊണ്ട് രക്ഷപ്പെടലിലേയ്ക്ക് കുതിക്കുക. നാളത്തെയ്ക്ക് പൂവിടുകയും കായ്ക്കുകയും ചെയ്യുക. ചെടികുഞ്ഞുങ്ങളുടെ വാക്കുകള്‍ക്ക് ഞാന്‍ ചെവി കൊടുത്ത് ക്ഷമാപൂര്‍വ്വം കാത്തിരുന്നു.
       

പിന്നീട് അവസരം കിട്ടിയപ്പോള്‍ അര്‍ബാബിനെ കബളിപ്പിച്ചു ഹക്കീമിനോടും  ഇബ്രാഹിമിനോടും ഒപ്പം മരുഭൂമിയിലൂടെയുള്ള രക്ഷപ്പെടാനുള്ള ഓട്ടം. അതിനിടയില്‍ ഹക്കിം  ദാഹവും ക്ഷീണവും കൊണ്ട് തളരുകയും പരവേശത്തില്‍ മണല്‍ വാരി തിന്ന് ചോര ചര്‍ദ്ദിച്ച് മരിക്കുകയും ചെയ്യുന്നു. വലിയ മണല്‍ക്കാറ്റുവന്ന് ഹക്കീമിനെ ആ മണല്‍ മല എന്നെന്നേക്കുമായി മൂടുന്നു.പ്രതീക്ഷയുടെ അസ്തമിക്കാത്ത തിരിവെളിച്ചത്തെ പിന്തുടര്‍ന്ന് അവര്‍ വീണ്ടും ഓടുന്നു.മരുഭൂമിയിലെ ജലസാന്നിധ്യം പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു.ആര്‍ത്തിയോടെ അവര്‍ വെള്ളം കുടിക്കുന്നു ജലം അമൂല്യമാണെന്ന സത്യം കരുതലോടെ അവിടെ ഓര്‍ക്കുന്നു. മുന്നോട്ട് ചെല്ലാനുള്ള ഇബ്രാഹിംഖാദറിയുടെ വിളിയെ അവഗണിച്ച്  നജീബ് ദാഹം തീര്‍ത്ത് മണല്‍ തിരകള്‍ക്കുമേലെ ഒരു തകര്‍ന്ന കപ്പലിന്‍റെ അവശിഷ്ടം പോലെ നീണ്ടു നിവര്‍ന്നു കിടന്നു.പിറ്റേന്നു പുലര്‍ന്നപ്പോള്‍ അവനു മുന്നില്‍ വലിയ ഒരു മണല്‍ മലയാണ് അവന്‍ കാണുന്നത്. അവന്‍ എണീറ്റ് ഇബ്രാഹിമിനെ അലറി വിളിച്ചു കൊണ്ടിരുന്നു.ആ വിളികളെല്ലാം മരുഭൂമിയുടെ അനന്തതയില്‍ പോയി വിലയിച്ചു. വീണ്ടും അവന് യാത്ര തുടരുന്നു.ഇബ്രാഹിം ഉത്തരം കിട്ടാത്ത ചോദ്യമായി അവന്‍റെ മനസ്സില്‍ തളംക്കെട്ടിക്കിടന്നു.ഓടിയും നടന്നും അവന് നഗരപ്രദേശത്ത്‌ എത്തുന്നു.പല സ്ഥലങ്ങളിലും അലഞ്ഞു ആരും അവനോട് കരുണ കാണിച്ചില്ല.ഒടുവില്‍ “മലബാര്‍ റസ്റ്റോറന്റ്റ്‌ “എന്ന ബോര്‍ഡ്‌ ഒരു കടയുടെ മുന്നില്‍ അവന് കാണുന്നു. അതും മലയാളത്തില്‍. അവിടേയ്ക്ക് വേച്ചു നടന്നെത്തുമ്പോഴേക്കും ബോധംകെട്ടു അതിന്റെ മുന്നിലേക്ക്‌ കുഴഞ്ഞു വീണു. കണ്ണ് തുറന്നപ്പോള്‍ കുഞ്ഞിക്കായുടെ മുറിയിലാണ് അവന് കിടക്കുന്നത്.പിന്നീട്‌ പോലീസ്‌സ്റ്റേഷനില്‍ അഭയം പ്രാപിക്കുന്നു.അങ്ങിനെ അനധികൃത താമസക്കാരെ കയറ്റിവിടുന്ന പദ്ധതിയുടെ ഭാഗമായി നജീബ് സ്വന്തം ജീവിതത്തിലേക്ക് തിരികെ മടങ്ങിയെത്തുന്നു.
     

ജീവിതം എപ്പോഴും നമ്മുടെ ആഗ്രഹങ്ങള്‍ക്കും സങ്കല്‍പ്പങ്ങള്‍ക്കും അനുസരിച്ച് നീങ്ങുന്ന ഒന്നല്ല എന്ന തിരിച്ചറിവ് ഈ നോവലില്‍നിന്നും നമുക്ക് ലഭിക്കുന്നു.അനുഭവങ്ങളുടെ നൊമ്പരപ്പാടുകളിലും അവതരണത്തിന്റെ വശ്യതയിലും ഒരു നവീനമായ അവസ്ഥയോട്‌ സംവദിക്കുന്ന ഒരു നോവലാണിത്‌.നോവലിന്റെ പിന്‍കുറിപ്പില്‍ കഥാകാരന്‍ നജീബിനെ ഏറ്റവും ആദ്യമായി കണ്ടുമുട്ടുന്ന നിമിഷം, അയാള്‍ തന്റെ സുഹൃത്തുക്കളുമായി കമ്മ്യുണിസം ചര്‍ച്ച ചെയ്തിരിക്കുകയായിരുന്നു എന്ന് പറയുന്നു.ആ സാഹചര്യത്തെ മനസ്സിലിട്ടുകൊണ്ട് ഒരു തികഞ്ഞ യുക്തി വാദിയായും ഈശ്വരവിരുദ്‌ധനായും നിലനില്‍ക്കുന്ന നജീബിനെ ചിത്രീകരിക്കാമായിരുന്നു.എങ്കില്‍ പലരും ആഗ്രഹിച്ചതുപോലെ മനുഷ്യന്‍റെ തീര്‍ത്തും ഇച്ഛാശക്തികൊണ്ടുമാത്രം മരുഭൂമിയെ താണ്ടിപ്പോരുന്ന ഒരു നജീബിനെയാകുമായിരുന്നു നാം നോവലില്‍ കണ്ടുമുട്ടുക. പക്ഷെ,നോവലില്‍ എവിടെയും കഥാകാരന്‍റെ സാന്നിധ്യമാണ് അറിയുന്നത്. അതല്ലെങ്കില്‍ മറ്റൊരാളുടെ ജീവച്ചരിത്രമെഴുത്തായി  പോകുമായിരുന്നു. കഥാകാരന്‍റെ ഉള്ളില്‍ക്കിടന്നു നേരിയ നജീബ് നിയോഗത്താല്‍ മരുഭൂമിയിലേക്ക് ആട്ടിതെളിച്ചു കൊണ്ടുവരപ്പെട്ടവനാണ്. അവന് ആ വഴി താണ്ടിപ്പോന്നതാവണം.അതിനവന് വിശ്വാസത്തിന്‍റെ കൂട്ട് വേണമായിരുന്നു. ജീവിതത്തിന്‍റെ ചില നിര്‍ണ്ണായക നിമിഷങ്ങള്‍ക്ക് മുന്നില്‍ വെറുതെ നിന്ന് കൊടുക്കാനേ നമുക്ക് നിര്‍വാഹമുള്ളൂ.അന്നേരം നടത്തുന്ന ഒരു പ്രാര്‍ത്ഥനയ്ക്കുള്ള മറുപടിപോലും കത്തുന്ന സൂര്യന്‍റെ നോട്ടം മാത്രമായിരിക്കും.എന്നാണ് കഥാകൃത്ത് മുന്‍വിധിയായി പറഞ്ഞിട്ടുള്ളത്.ആ മുന്‍വിധിക്കുള്ളിലിട്ടാണ് നജീബ് വാര്‍ക്കപ്പെട്ടിരിക്കുന്നത്.


                

ഏതായാലും ഈ കൃതി മലയാളസാഹിത്യത്തില്‍ അനുഭവപ്പെടുത്തിത്തന്ന പ്രവാസി ജീവിതം ഇതേവരെ നിലനിന്ന സാഹിത്യരൂപങ്ങളില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തമാണ്.ആടിനെപ്പോലെ മൃഗീയമായി,മനുഷ്യനെന്ന പരിഗണനകളൊന്നും ലഭിക്കാതെ, ജീവിക്കേണ്ടിവരുന്നവന്‍റെ  ദുരിതപര്‍വമാണ്  “ആടുജീവിതം “എന്ന നോവല്‍ പ്രതിനിധാനം ചെയ്തിട്ടുള്ളത്. ഒരു പ്രവാസിയുടെ കാഴ്ച്ചപ്പാടില്‍ നോക്കുമ്പോള്‍ അടിമത്തത്തിന്‍റെ  ക്രൂരതയില്‍ ജോലിചെയ്യേണ്ടിവരുന്ന നിസ്സഹായനായ മലയാളിയുടെ മുഖം നമുക്കിവിടെ ദര്‍ശിക്കാനാകും.
    

സുമ ഗോപി

              
                
            





കെ. ഇ. എന്‍ കുഞ്ഞഹമ്മദ്‌ - 'സാഹിത്യോത്സവത്തെകുറിച്ച്'

ആഗസ്ത് : 23 ന് ദുബായ് ഗള്‍ഫ് മോഡല്‍ സ്കൂളില്‍ നടക്കുന്ന ദല സാഹിത്യോത്സവത്തെ കുറിച്ച് മുഖ്യാതിഥിയായ  ശ്രീ. കെ. ഇ.എന്‍ കുഞ്ഞഹമ്മദ്‌ 
 
 
 
'ആശയങ്ങള്‍ പൂഴ്ത്തി വെക്കാനുള്ളതല്ല. അത് ചിലവഴിക്കാനുള്ളതാണ്' അത് കൊണ്ട് തന്നെ സംവാദത്തില്‍ വെച്ചാണ് ഒരു ജനതയുടെ ശക്തിയും സൗന്ദര്യവും സാക്ഷാത്കരിക്കപ്പെടുന്നത്. പ്രവസികള്‍ക്കിടയിലെ സാംസ്കാരികസംഘടനയില്‍ പ്രശസ്തമായ 'ദല' യുടെ നേതൃത്വത്തില്‍ നടക്കുന്ന സാഹിത്യ സംവാദം ഇത്തരമൊരു പശ്ചാത്തലത്തിലാണ് അത്യന്തം പ്രസക്തമാകുന്നത്. ഇനിയും ചിതലെടുത്തു തീരാത്ത മനുഷ്യര്‍ സാംസ്കാരിക രംഗത്ത്‌ നിര്‍വഹിക്കുന്ന സര്‍ഗ്ഗാത്മക ചെറുത്തുനില്‍പെന്ന നിലയില്‍ അത് അടയാളപ്പെടുത്തുക തന്നെ ചെയ്യും. ഇടിയും മിന്നലും ഇല്ലാതെ മഴ മാത്രം മതി എന്നു കരുതുന്നവരെ അസ്വസ്ഥപ്പെടുത്തിക്കൊണ്ട് സംവാദങ്ങള്‍ തുടരുക തന്നെ ചെയ്യും.

- കെ.ഇ. എന്‍ കുഞ്ഞഹമ്മദ്‌.

Sunday, August 18, 2013

എല്ലാ കലാസ്നേഹികളെയും ദല, സാഹിത്യോത്സവത്തിലേക്ക് സ്വാഗതം ചെയ്യുന്നു .....



വാക്കുകള്‍ ബലി നല്‍കി ജീവിതത്തിന്റെ അഗ്നി അനുഭവിപ്പിച്ച ആവിഷ്കാരങ്ങളെ ഒരു പുനർവായനക്കു വിധേയമാക്കാനുള്ള അവസരം ഒരുക്കുകയാണ് ദല....

വാക്കുകള്‍ ബലി നല്‍കി ജീവിതത്തിന്റെ അഗ്നി അനുഭവിപ്പിച്ച ആവിഷ്കാരങ്ങള്‍ 
നമ്മുടെ പ്രച്ഛന്നമായ സാംസകാരിക പരിസരങ്ങള്‍ സര്‍ഗാവിഷ്ക്കാരങ്ങളെ 
ജീവിതത്തിന്റെ ബോധാബോധങ്ങളെ ഇളക്കി മറിച്ച ഒരു കാലഘട്ടത്തിന്റെ തീര്‍പ്പുകളായിരുന്നു. എന്നാല്‍ നാഗരികതയുടെ കുഞ്ഞു തുരുത്തുകള്‍ നമുക്ക് ചുറ്റിലും ഉരുക്ക് ദുര്ഗങ്ങള്‍ തീര്‍ത്തപ്പോള്‍ നമ്മുടെ കൂര്‍ത്ത്തു മൂര്‍ത്ത ചിന്തകള്‍ക്കും കാഴ്ച വട്ടങ്ങള്‍ക്കും മൂല്യബോധങ്ങള്‍ക്കും ഇടര്‍ച്ച സംഭവിക്കുക അനിവാര്യമായിരുന്നു.

പ്രച്ഛന്നമായ സാംസകാരിക പരിസരങ്ങള്‍ സര്‍ഗാവിഷ്ക്കാരങ്ങളെ ജീവിതത്തിന്റെ 
പിന്നാമ്പുറങ്ങളിലേക്കും മായികസ്വപ്നങ്ങളിലേക്കും വെട്ടിച്ചുരുക്കിയപ്പോഴും മലയാളം അതിന്റെ ചെറുത്തുനില്‍പ്പിന്റെ പാതയെ പൂര്‍ണമായും കൈവെടിഞ്ഞില്ല.
പക്ഷെ നാഗരിക ജീവിതം അവശേഷിപ്പിച്ച നൈതിക ജീര്‍ണതകള്‍ക്കും സങ്കീര്‍ണതകള്‍ക്കും നടുവില്‍ പുതിയ കാലത്തിന്റെ മനുഷ്യാനുഭവങ്ങളോട് സംവദിക്കാനും അനുഭൂതിവാങ്ങ്മയങ്ങള്‍ക്ക് ജീവന്‍ പകരാനും പ്രസ്തുത ആവിഷ്കാരങ്ങള്‍ക്ക് കഴിഞ്ഞുവോ എന്നതാണ് പ്രസക്തമായ ചോദ്യം.
പ്രത്യുത്തരം തേടുകയാണ് ഗള്‍ഫിലെ സഹൃദയസമൂഹം.


എല്ലാ കലാസ്നേഹികളെയും ദല, സാഹിത്യോത്സവത്തിലേക്ക് സ്വാഗതം ചെയുന്നു .....


Friday, August 16, 2013

'പലയാനം' - ഒരു ആസ്വാദന കുറിപ്പ് .

പലായനം എന്ന കെ .എം .അബ്ബാസിന്റെ നോവലിന്  ഒരു ആസ്വാദന കുറിപ്പ്. 



"പോരടിക്കുക അല്ലെങ്കിൽ  പലായനം ചെയ്യുക എന്നത് ഏതൊരു  ജീവിയേയും പോലെ മനുഷ്യന്റെയും അതിജീവനതിനുവേണ്ടിയുള്ള നൈസര്ഗികമായ ജൈവവാസനയാണ്‌."''

പക്ഷെ സ്വാഭാവികമായി ഓരോ വ്യക്തിക്കും ലഭിച്ച അവന്റെ അനന്യമായ സാമൂഹിക- സാംസ്കാരിക  പശ്ചാത്തലത്തിന്റെ  മടിയിൽ  നിന്ന് നിരവധി കാരണങ്ങളാൽ അവനെ/ അവളെ പിഴുതു മാറ്റുമ്പോൾ കേവലം ജൈവശാത്ര വിവക്ഷകളിൽ    നിന്ന്  നിർവചിക്കാൻ കഴിയാത്ത ഒരു പ്രക്രിയയായി  മാറുന്നു,  മനുഷ്യവംശത്തിന്റെ പലായനങ്ങൾ.

ഇങ്ങനെയുള്ള  കുടിയേറ്റത്തിന്റെ വ്യഥകൾ സ്വാന്തനത്തിന്റെ വാക്കുകൾക്കു വഴങ്ങാത്ത മനുഷ്യന്റെ വലിയ ആത്മദു:ഖങ്ങളായി മാറുമ്പോഴാണ് സാർവ്വലൌകികമായ മാനങ്ങൾ പ്രവാസത്തിനും പ്രവാസികളുടെ രചനകള്ക്കും കൈവരുന്നത്.
     
ഇത്തരത്തിലുള്ള പലായനങ്ങളുടെ ജീവിത സമവാക്യങ്ങളെ നിർദ്ധാരണം ചെയ്യാനുള്ള ഒരു ചെറിയ ശ്രമമാണ് പ്രവാസി എഴുത്തുകാരനായ കെ.എം .അബ്ബാസിന്റെ പലായനം എന്ന നോവൽ.

ജന്മാന്തരങ്ങളുടെ നിയോഗമെന്ന പോലെ ജീവിതത്തിന്റെ വേലിയേറ്റങ്ങൾ നോവലിലെ മുഖ്യകഥാപാത്രമായ സന്തോഷിനെ മറ്റാരെയും പോലെ ഒരു പ്രവാസിയായി ഗൾഫ്‌ തീരത്തേക്ക് അടുപ്പിക്കുന്നു . ജീവസന്ധാരണത്തിനു വേണ്ടിയുള്ള മടുപ്പിക്കുന്ന പ്രവാസ ജീവിതത്തിലെ അദ്ധ്വാനത്തിനിടയിലും തലമുറകളായി നീണ്ടുകിടക്കുന്ന പാരമ്പര്യ  കണ്ണികളിൽ കേട്ടറിവുകൾ  മാത്രമുള്ളതും; എന്നാൽ മരുഭൂമിയിൽ എവിടെയോ ഇന്നും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന തന്റെ  പിതാവിനെ, മരുഭൂമിയുടെ അറിയപെടാത്ത വിദൂരതയിൽ ഒളിച്ചികഴിയുന്ന ഏതോ ഒരു കൃഷ്ണേട്ടനിലൂടെ , ഒടുങ്ങാത്ത അലച്ചിലുകളുമായി അന്വേഷിക്കുകയാണ് സന്തോഷ്‌....... ....

വിഭജനാനന്തരം പാക്കിസ്ഥാനെന്ന പ്രദേശത്ത്  പെട്ടുപോയ ഖാലിദ് അൻസാരി , ഏതൊരു രാജ്യക്കാരന്റെയും  സ്വന്തം രാജ്യമെന്ന വൈകാരികമായ ആവേശം ഒരു മിഥ്യയാണ് എന്ന് വിശ്വസിക്കുന്നു , പാസ്സ് പോർട്ട്‌ കൊണ്ടുമാത്രം പാക്ക് പൗരനായ ഖാലിദ് അൻസാരി, കൃഷ്ണേട്ടനു വേണ്ടിയുള്ള സന്തോഷിന്റെ അന്വേഷണങ്ങളിൽ സന്തതസഹചാരിയുമായി മാറുമ്പോൾ വംശീയതയുടെ അതിര് വരമ്പുകൾ മായ്ച്ചു കളയുന്ന സൌഹൃദത്തിന്റെ കഥ കൂടിയാവുന്നു പലായനം ..

തന്നെ കുറിച്ചുള്ള സന്തോഷിന്റെ തിരച്ചിലുകളെയൊന്നു മറിയാതെ , നാട്ടിലെ തന്റെ അവസാനത്തെ വേരായ അമ്മയും കാലയവനികക്കുളിൽ പോയ്‌മറഞ്ഞു എന്നറിയുമ്പോൾ നാട്ടിലേക്കു ഇനി ഒരു തിരിച്ചു പോക്ക് വേണ്ട എന്ന് തീരുമാനിച്ചു വീണ്ടും തീഷ്ണമായ മരുഭൂമിയുടെ വന്യമായ ഏകാന്തതയിലേക്ക് പടര്ന്നു കയറി അവിടുത്തെ  മറ്റൊരു കുടിയേറ്റ ഗോത്രവർഗ്ഗ  പാരമ്പര്യമുള്ള ഈജിപ്ഷ്യനായ സലാമിനെ "അർബാബായി " തിരഞ്ഞെടുത്തു, കൗസല്യയുടെ ഓർമ്മകളിൽ സൗഖ്യം കണ്ടെത്താൻ  ശ്രമിക്കുന്ന കൃഷ്ണേട്ടൻ ; ഇനി വരാനിരിക്കുന്ന ജന്മങ്ങളിലും പലായനങ്ങൾക്ക്  വേണ്ട ഭാണഡകെട്ടുകൾ ആത്മാവിന്റെ ഏതോ കോണിൽ ഇപ്പോൾ തന്നെ കൂട്ടി  വെയ്ക്കുകയാണ് അയാൾ .

അങ്ങനെ പലായനവും പ്രവാസവും ചരിത്രത്തിന്റെ ഓരോ ഘട്ടത്തിലും അനുസ്യൂതമായ ഒരു പ്രക്രിയയായി മാറുകയാണോ എന്നത് ഒരു ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു..!

ആധുനിക കുടിയേറ്റങ്ങൾ നല്കിയ സമ്പന്നത ,സാംസ്കാരിക മൂല്യബോധങ്ങളെയും ധാർമ്മികതയേയും അറുത്ത് മാറ്റി കൊണ്ടിരിക്കുന്നു എന്നതിന്റെ പ്രതിനിധിയാണ് നീരജ . അവളുടെ പ്രണയം സന്തോഷിന്റെ തൊലിപ്പുറത്തിനപ്പുറത്തേക്ക്  കടക്കാൻ കഴിയാതെ വരുമ്പോൾ പ്രവാസ ഭൂമിയിലെ സന്തോഷിന്റെ പ്രണയ സാഫല്യങ്ങൾ ഒരു മരീചിക മാത്രമായി അവശേഷിക്കുന്നു.

 സ്വന്തം വേരുകളെകുറിച്ചും , പ്രണയത്തെ കുറിച്ചും ഉറ്റവരുടെ ദുരിതങ്ങളെ  കുറിച്ചുമൊക്കെയുള്ള നിരവധി ചോദ്യങ്ങൾ ഒരു പ്രഹേളികയെന്നപോലെ പ്രവാസസ്ഥലികളിൽ  ചുറ്റിത്തിരിഞ്ഞ്  തന്നിലേക്ക് തന്നെ അലിഞ്ഞു ചേരുമ്പോൾ ...

തനിക്കു നഷ്ടപെട്ട പുഴയുടെ തെളിനീരും നിഴൽ  വീണ ഇടവഴികളും ,കണ്ണാന്തളിയുടെ സൗമ്യതയും ,നിലാവുമെല്ലാം കേവലമായ ആശ്ച്ചര്യങ്ങളോ അഭിനിവേശങ്ങളോ ഗൃഹാതുരമായ ഓർമ്മകളോ ആയിരുന്നില്ല അതെല്ലാം തന്റെ ജീവിതം തന്നെ ആയിരുന്നു. "എന്നെ ഞാനായി നിലനിര്ത്താൻ സാധിക്കുന്നത് എന്റെ വേരുകൾ മുളപൊട്ടിയ ജന്മസ്ഥളികളിലാണെന്ന" സന്തോഷിന്റെ തിരിച്ചറിവിൽ നോവൽ അവസാനിക്കുന്നു.

നോവലെന്ന ആഖ്യാന  കലയുടെ സൂക്ഷ്മവും സർവ്വസ്പർശിയുമായ ഒരു നിർവചനത്തിന്റെ ചട്ടക്കൂട്ടിലേക്ക് അബ്ബാസിന്റെ പലായനം എന്ന  നോവലിനെ കയറ്റി നിർത്താൻ സാധിക്കുമോ എന്ന്  അറിയില്ല .എന്നാൽ പ്രവാസികളുടെ വിഹ്വലതകളെ ആവിഷ്ക്കരിക്കാൻ നടത്തിയ ആത്മര്ത്മ്മായ ഒരു ശ്രമമാണ് പലായനം എന്ന നോവൽ   .

പുസ്തക കമ്പോളത്തിൽ ആവർത്തിച്ചാവർത്തിച്ചു കേൾക്കുന്ന നോവലിസ്റ്റുകളുടെ പേരുകളല്ലാതെ, കെ .എം .അബ്ബാസിനെ പോലുള്ള ഒരുപാട്  പ്രവാസി എഴുത്തുകാരുടെ ആത്മാവിഷക്കാരങ്ങളെ നാം കാണാതെ പോകരുത് .



- സുവീഷ്‌ എങ്ങണ്ടിയൂർ